01:45am 17 June 2026
NEWS
ഡിജിറ്റൽ സെൻസസ് 2026 എറണാകുളം ജില്ല സജ്ജം ജില്ലാ കളക്ടർ
16/06/2026  06:34 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഡിജിറ്റൽ സെൻസസ് 2026 എറണാകുളം ജില്ല സജ്ജം ജില്ലാ കളക്ടർ
HIGHLIGHTS

സെൻസസ് സെൽഫ് എന്യൂമറേഷൻ തുടങ്ങി

രാജ്യത്തിൻ്റെ വരും ദശകത്തിലേക്കുള്ള കൃത്യമായ വികസന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും വിഭവങ്ങൾ കൃത്യമായി വിനിയോഗിക്കുന്നതിനും സെൻസസ് വിവരങ്ങൾ അത്യന്താപേക്ഷിതമാണെന്ന് ജില്ലാ കളക്ടർ ജി. പ്രിയങ്ക പറഞ്ഞു.

എറണാകുളം പ്രസ്ക്ലബിൽ സെൻസസ് 2027 സെൽഫ് എന്യൂമറേഷനെ കുറിച്ച് വിശദീകരിക്കാൻ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടർ.

രാജ്യത്തിന്റെ വികസനത്തിന് അടിത്തറ പാകുന്നതിനും ഭരണനിർവഹണത്തിന് കൃത്യമായ ദിശാബോധം നൽകുന്നതിനുമുള്ള ഡിജിറ്റൽ സെൻസസിൻ്റെ പ്രവർത്തനങ്ങൾ രണ്ട് ഘട്ടങ്ങളായിട്ടാണ് നടപ്പാക്കുന്നത്. ജൂലൈ മാസത്തിൽ നടക്കുന്ന ഒന്നാംഘട്ട പ്രവർത്തനങ്ങളിൽ വീടുകളുടെ പട്ടികപ്പെടുത്തൽ (ഹൗസ് ലിസ്റ്റിംഗ്) നടക്കും. വീടുകൾ ലിസ്റ്റ് ചെയ്ത് അടിസ്ഥാന വിവരങ്ങൾ ശേഖരിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. തുടർന്ന് ഫെബ്രുവരി മാസത്തിൽ രണ്ടാം ഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് (പോപ്പുലേഷൻ സെൻസസ്) നടക്കും.

സെൻസസ് പ്രവർത്തനങ്ങൾക്കായി ജില്ലയിൽ മുനിസിപ്പാലിറ്റി-താലൂക്ക് തലങ്ങളിലായി 23 ചാർജ് ഓഫീസർമാരുണ്ട്. ഡിജിറ്റൽ ടൂളുകൾ കൃത്യമായി ഉപയോഗിക്കുന്നതിനായി 4 മാസ്റ്റർ ട്രെയിനർമാരും 118 ഫീൽഡ് ട്രെയിനർമാരും ജില്ലയിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. അധ്യാപകരും മറ്റ് സർക്കാർ ജീവനക്കാരും ഉൾപ്പെടെ റിസർവ് അടക്കം 6,538 എന്യൂമറേറ്റർമാരും, 1,117 സൂപ്പർവൈസർമാരും ജില്ലയിൽ സജ്ജമാണ്. ഓരോ എന്യൂമറേറ്റർക്കും 150 മുതൽ 200 വരെ വീടുകളുടെ (ഏകദേശം 700 മുതൽ 800 വരെ ജനസംഖ്യ) ചുമതലയാണ് നൽകിയിട്ടുള്ളത്. 

ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സെൻസസിന്റെ ഏറ്റവും വലിയ സവിശേഷത പൊതുജനങ്ങൾക്ക് സ്വന്തം വിവരങ്ങൾ ഓൺലൈനായി രേഖപ്പെടുത്താനുള്ള 'സെൽഫ് എന്യുമെറേഷൻ' സൗകര്യമാണ്. 2026 ജൂൺ 16 മുതൽ ജൂൺ 30 വരെയുള്ള 15 ദിവസങ്ങളിലാണ് ഇതിനുള്ള സമയം അനുവദിച്ചിരിക്കുന്നത്. പൊതുജനങ്ങൾക്ക് se.census.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് വളരെ എളുപ്പത്തിൽ 33 ചോദ്യങ്ങളടങ്ങിയ വിവരങ്ങൾ സമർപ്പിക്കാം. സ്വയം വിവരശേഖരണം പൂർത്തിയാക്കുമ്പോൾ 11 അക്കങ്ങളുള്ള ഒരു ഐഡി (Self-Enumeration ID) മൊബൈലിൽ എസ്.എം.എസ്. ആയി ലഭിക്കും. ജൂലൈ ഒന്നിന് ശേഷം എ ന്യമറേറ്റർമാർ വീടുകളിൽ എത്തുമ്പോൾ ഈ ഐഡി കാണിച്ചുകൊടുത്താൽ വിവരശേഖരണം വേഗത്തിലാക്കാൻ സാധിക്കും.
ഓരോരുത്തരും ഈ കാലയളവിൽ സ്വയം വിവരശേഖരണം പൂർത്തിയാക്കണമെന്നും തങ്ങളുടെ കുടുംബങ്ങളിലും സഹപ്രവർത്തകർക്കിടയിലും ഇതിനെക്കുറിച്ച് അവബോധം വളർത്തണമെന്നും കളക്ടർ നിർദ്ദേശിച്ചു.

സെൻസസിലൂടെ ശേഖരിക്കുന്ന വിവരങ്ങൾ കേവലം സ്ഥിതിവിവരക്കണക്കുകൾക്കായി മാത്രമാണ് ഉപയോഗിക്കുന്നത്. വ്യക്തിഗത വിവരങ്ങൾ പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കും. ഓൺലൈൻ സൗകര്യങ്ങൾ ഉപയോഗിക്കാൻ കഴിയാത്തവരുടെ വീടുകളിൽ എന്യുമെറേറ്റർമാർ നേരിട്ടെത്തി വിവരങ്ങൾ ശേഖരിക്കും. വീടുകളിൽ എത്തുന്ന സെൻസസ് ഉദ്യോഗസ്ഥർക്ക് പണമോ മറ്റ് പ്രതിഫലങ്ങളോ നൽകേണ്ടതില്ല. ഉദ്യോഗസ്ഥരുടെ കൈവശമുള്ള ഒദ്യോഗിക തിരിച്ചറിയൽ കാർഡിലെ QR കോഡ് മൊബൈൽ ഫോൺ ഉപയോഗിച്ച് സ്കാൻ ചെയ്ത് പൊതുജനങ്ങൾക്ക് അവരുടെ വിശ്വാസ്യത ലളിതമായി പരിശോധിക്കാവുന്നതാണ്. ആകെ 33 ചോദ്യങ്ങളാണുള്ളത്, ഈ ചോദ്യങ്ങൾ ഓൺലൈനായും മറ്റ് സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയും ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതുകൊണ്ട് ആരും ആശങ്കപ്പെടാതെ
സെൽഫ് എ ന്യൂമറേഷന്റെ ഭാഗമാകണമെന്നും ജില്ലാ കളക്ടർ പറഞ്ഞു.

ലേബർ ക്യാമ്പുകൾ, വ്യാവസായിക സ്ഥാപനങ്ങൾ, റസിഡന്റ്സ് വെൽഫെയർ അസോസിയേഷനുകൾ, കോൺട്രാക്ടർമാർ എന്നിവ കേന്ദ്രീകരിച്ച് പ്രത്യേക ബോധവത്കരണ പരിപാടികൾ നടത്തും. സെൻസസ് ഉദ്യോഗസ്ഥരുമായി പൂർണമായി സഹകരിക്കണമെന്ന് അഭ്യർത്ഥിച്ച ജില്ലാ കളക്ടർ, വ്യാജമായ പ്രചാരണങ്ങളിൽ വീഴാതെ ഔദ്യോഗിക സർക്കാർ ചാനലുകളിലൂടെ പുറപ്പെടുവിക്കുന്ന വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും കൃത്യമായ വിവരങ്ങൾ നൽകി ഈ ഡിജിറ്റൽ സെൻസസ് വൻ വിജയമാക്കാൻ എല്ലാവരും പങ്കാളികളാകണമെന്നും അഭ്യർത്ഥിച്ചു.

വാർത്താസമ്മേളനത്തിൽ ജില്ലാ സെൻസസ് ഓഫീസറായ എ.ഡി.എം. കെ മനോജ്, സ്പെഷ്യൽ ഓഫീസറായ അസിസ്റ്റന്റ് കളക്ടർ ഋത്വിക് രഞ്ജൻ ഐ.എ.എസ്,ജബ്ബാർ എന്നിവരും പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img